ശനിയാഴ്‌ച, മാർച്ച് 20, 2010

കാടു തീണ്ടല്ലേ...

ഇന്ന് 'ലോക വന ദിനം'.



ആഗോള താപനത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്, പ്രത്യേകിച്ചും നാട്ടില്‍ നിന്നും അറബു നാടുകളെ വെല്ലുന്ന ചുട്ടുപൊള്ളലിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍, ഈ 'വന-ദിനം' വല്ലാതെ പ്രാധാന്യമര്‍ഹിക്കുന്നു... വെറുമൊരു ദിനാചരണം ആകാതെ ക്രിയാത്മകമാവേണ്ട ചിന്തകളുടെ തുടക്കമാവാന്‍..







നമ്മുടെ നാടിനെക്കുറിച്ച് തന്നെയാവട്ടെ ആദ്യം; കേരളം ഈ വര്‍ഷം വേനലിന്റെ ആദ്യ മാസത്തില്‍ തന്നെ കൊടും ചൂടില്‍ വെന്തുരുകുന്നു.. 44 നദികളുള്ള നാട്ടില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു.. A/C-കളുടെ ക്രമാതീതമായ ഉപയോഗം കാരണം വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു.. രാജ്യത്തെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ ശാസ്താംകോട്ട, ഉസ്ബെകിസ്ഥാനിലെ അരാള്‍ കടലിനെ ഓര്‍മിപ്പിക്കും വിധം വറ്റിതുടങ്ങിയിരിക്കുന്നു.. കാരണങ്ങള്‍ അന്വേഷിച്ചു ഒരുപാട് 'കാടുകയറെണ്ട' കാര്യമില്ല, പഠന പ്രബന്ധങ്ങളോ വിദേശ യാത്രകളോ ആവശ്യമില്ല, എല്ലാവര്ക്കും തനിയെ പിടി കിട്ടിയിരിക്കുന്നു, 'കടലില്‍ മഴ പെയ്യുന്നത് അവിടെ കാട് ഉണ്ടായിട്ടാണോ' എന്ന നിയമസഭാ പരാമര്‍ശം വെറുമൊരു സീതി ഹാജി ഫലിതമായി കാണാമെങ്കിലും പരിസ്ഥിതി സംരക്ഷിക്കണം എന്ന് പറഞ്ഞവനെയൊക്കെ പിന്തിരിപ്പനും തീവ്രവാദിയും ആയി മുദ്ര കുത്തുന്ന ഭരണവര്‍ഗം ചിന്തിക്കട്ടെ.. എന്നിട്ടും വൈദ്യുത മന്ത്രി പരിസ്ഥിതി പ്രവര്‍ത്തകരെ തെറി പറയുന്നു, ആതിരപ്പള്ളി പദ്ധതി നടക്കാത്തതിനു!



ഇന്നലെ രാവിലെ ചാനല്‍ ന്യൂസില്‍ കണ്ട ഒരു വാര്‍ത്ത: പെരുവണ്ണാമുഴി വനത്തില്‍ നിന്നും കഴിഞ്ഞ മാസം ഉരിച്ചു കടത്തിയ അന്‍പതോളം അശോക മരത്തിന്റെ തൊലികള്‍ (ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയത്താല്‍ വനം മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു) കുളമാവിന്റെ തൊലിയായിരുന്നുവെന്നു D.F.O പത്ര സമ്മേളനത്തില്‍ വിജയിയെ പോലെ പ്രഖ്യാപിക്കുന്നു! അതായത്  റിപ്പോര്‍ട്ട്‌ ചാനലുകാര്‍ കെട്ടിച്ചമച്ചതാണെന്ന്!!  കുളമാവ് എന്ന മരത്തിന്റെ തൊലി ഉരിച്ചു കടത്താമോടോ എന്ന് പരിസ്ഥിതി പ്രേമിയായ (?) മന്ത്രി ചോദിക്കുമെന്ന് കരുതാം.. അത് ചെയ്തവനെയും കൂട്ട് നിന്നവനെയും ഒക്കെ അത് പോലെ പച്ചക്ക് നിര്‍ത്തി തൊലി പൊളിചെടുക്കണം...



മറ്റൊരു വാര്‍ത്ത കണ്ണൂരില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചു ഉള്ള ടൂറിസം പദ്ധതിയെക്കുറിച്ചായിരുന്നു.. 'കണ്ടല്‍ എക്കോ ടൂറിസത്തിന്റെ' പേരിലാണ് ഈ തോന്ന്യാസം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം! പ്രകൃതിയെ നോവിക്കാത്ത എക്കോ ടൂറിസം എന്നാണു നമ്മുടെ ഭരണാധികാരികള്‍ പഠിക്കുക!!



ഭരണ വര്‍ഗ്ഗത്തെ മാത്രം കുറ്റം പറയാന്‍ വരട്ടെ, പ്രജകളും ഒട്ടും മോശമല്ല; കാടു കയ്യേറി റിസോര്‍ട്ട് പണിയാനും, മരം വെട്ടി കടത്താനും, പുഴകള്‍ കുത്തിക്കുഴിച്ചു മണലൂറ്റാനും, തോടും കുളവും നികത്താനും ഒക്കെ എല്ലാ പാര്ടിക്കാരും സമുദായക്കാരും ഒറ്റക്കെട്ടാണല്ലോ കേരളത്തില്‍..



വേണ്ടത് ബോധവല്‍കരണമാണ്,...വികസിത രാജ്യങ്ങള്‍ ഒക്കെയും വനവല്‍ക്കരണം മുഖ്യ അജണ്ടയായെടുക്കുമ്പോള്‍ നമ്മള്‍ ഉള്ള വനസമ്പത്ത് നശിപ്പിക്കാതെയെങ്കിലും നോക്കണം.. അതിനു സര്‍ക്കാരിനെ കാത്തു നില്‍ക്കാതെ ഓരോ മലയാളിയും സ്വന്തം പുരയിടത്തില്‍ നിന്ന് തുടങ്ങണം പരിസ്ഥിതി സ്നേഹം.. പഴയ കാവുകളും മുളങ്കാടുകളും ഒന്നും നശിപ്പിക്കാതെ ഒരു മാസത്തില്‍ പുതുതായി ഒരു മരമെങ്കിലും നട്ടു പിടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം.. കഴിഞ്ഞ ദിവസം കണ്ട ഒരു ടി.വി വാര്‍ത്ത ഓര്‍ക്കുന്നു, തൃശ്ശൂരിലെ ഒരു റിടയെര്‍ട് ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ (സോറി സര്‍, ഞാന്‍ താങ്കളുടെ പേര് മറന്നു പോയി) തന്റെ പുരയിടം ഒരു സ്വാഭാവിക വനം ആക്കാന്‍ ശ്രമിക്കുന്നതിന്റെ ശുഭ വാര്‍ത്ത!
 
ഞാനും എന്റെ പുതിയ വീടിന്റെ നിര്‍മാണത്തോടൊപ്പം പറമ്പില്‍ ഒരു കൊച്ചു മുളന്കൂട്ടവും തണല്‍ മരങ്ങളും പിന്നെയൊരു മഴ വെള്ള സംഭരണ സംവിധാനവും ഒക്കെ ഒരുക്കാനുള്ള ശ്രമത്തിലാണ്.. പ്രവാസത്തിന്റെ പരിമിതികള്‍ ഒരുപാടുണ്ട്, എന്നാലും നമുക്കായി, നാടിനായി, ഭൂമിക്കായി, അത്രയെങ്കിലും...

വെള്ളിയാഴ്‌ച, മാർച്ച് 19, 2010

തുടങ്ങും മുന്‍പേ..

ക്വാര്‍ക്ക് എന്നാല്‍ പദാര്‍ഥങ്ങളുടെ ഏറ്റവും ചെറിയ (അറിയപ്പെട്ട) അടിസ്ഥാന കണം! ഈ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ചെറുപ്പം ഞാന്‍ അറിയുന്നു.. അത് കൊണ്ട് തന്നെയാണ് ഈ ലോകത്തെ കുറിച്ചെഴുതുമ്പോള്‍ പ്രതീകാത്മകമായി 'ക്വാര്‍ക്ക്' എന്നാ പേര് തിരഞ്ഞെടുത്തത്..

എഴുതുന്നത് ആദ്യമായിട്ടാണെങ്കിലും ബൂലോകത്ത് കഴിഞ്ഞ മൂന്നാല് വര്‍ഷമായി ഒരു വായനക്കാരനായി ഞാനുണ്ടായിരുന്നു.. കുറിഞ്ഞി ഓണ്‍ലൈനും, അനോണി ആന്റണിയും, വെള്ളഴുത്തും, ചില യാത്രകളും, തല്ലുകൊള്ളിയുടെ അത്മകഥയും, അങ്ങനെ ഒത്തിരിയൊത്തിരി സര്‍ഗാത്മകമായ ബ്ലോഗുകളുടെ സ്ഥിരം വായനക്കാരനായി (മറ്റൊരു അനോണി നാമത്തില്‍). എഴുതിത്തുടങ്ങാന്‍ പല കാരണങ്ങളാലും ഇത് വരെ സാധിച്ചില്ല.. ഇപ്പൊ സമയമായെന്ന് തോന്നുന്നു.. വിലയിരുത്തേണ്ടത് വായിക്കുന്നവരാണ്..

ബൂലോക പുലികളേ.. സദയം അനുഗ്രഹിച്ചാലും..

നന്ദി..