ചൊവ്വാഴ്ച, നവംബർ 15, 2011

കൊടിയത്തൂരിലെ 'സദാചാര' കൊലപാതകം ഉയര്‍ത്തുന്ന ഭീതികള്‍..

സദാചാര പോലീസ് ചമയുന്ന, ആള്‍ക്കൂട്ട നീതി നടപ്പാക്കുന്ന, ഒരു അരാജക സമൂഹമായി മലയാളികള്‍ മാറുന്നുവോ?!!.. പുരുഷന്മാര് ഇല്ലാത്ത വീട്ടില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടു എന്ന 'കുറ്റത്തിന്' ആണ് കോഴിക്കോട് ചെറുവാടി സ്വദേശിയായ യുവാവ് കൊടിയത്തൂരില്‍ നാട്ടുകാരാല്‍ കൊല്ലപ്പെട്ടത്. പുതിയ പത്ര വാര്‍ത്ത പ്രകാരം ഇയാള്‍ കൊടിയത്തൂര്‍ വില്ലേജ് ഓഫിസ് പരിസരത്തെ ഒരു വീട്ടില്‍ ഇടക്കിടെ വരുന്നതിനെച്ചൊല്ലി ഒരുസംഘം ചെറുപ്പക്കാര്‍ക്കുണ്ടായ പകയാണ് കൊലക്ക് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്. അര്‍ധരാത്രി അപരിചിത യുവാവിനെ പിടികൂടിയതറിഞ്ഞ് ഓടിക്കൂടിയവരെല്ലാം മര്‍ദിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പലപ്പോഴും 'കൊതിക്കെറുവ്' എന്ന വികാരമാണ് ഈ so called 'നാട്ടുകാരെ' ഒരുമിപ്പിക്കുന്നത് എന്നതല്ലേ വാസ്തവം!! തങ്ങളുടെ നാട്ടിലുള്ള, തങ്ങള്‍ക്കു കിട്ടാത്ത 'സൌഭാഗ്യം' വരത്തനായ ഒരുത്തന്‍ അനുഭവിക്കുന്നതിലുള്ള അസൂയ; അല്ലാതെ ഈ മഹാന്മാരൊക്കെ സദാചാരത്തിന്റെ അപ്പോസ്തലന്മാരാണെന്ന് തോന്നുന്നുണ്ടോ?!. ഇനി ആണെങ്കില്‍ തന്നെ നാട്ടിലുള്ള പെണ്ണുങ്ങളുടെയൊക്കെ സദാചാരം സംരക്ഷിക്കാന്‍ ഈ പറയുന്ന 'സദാചാര കമ്മിറ്റിക്കാര്‍ക്ക്' ആരെങ്കിലും ലൈസെന്സ് കൊടുത്തിട്ടുണ്ടോ?!. നമ്മുടെ നാട്ടില്‍ ഒരു തെറ്റ് കണ്ടാല്‍ (തെറ്റുകള്‍ പലപ്പോഴും ആപേക്ഷികമാണ് എന്നത് മറക്കരുത്) പൊതു നന്മയെക്കരുതി അത് തടയുന്നതും, കുറ്റവാളിയെന്നുറപ്പുള്ളയാളെ പോലീസില്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് രണ്ടു പൊട്ടിക്കുന്നതും ശരി ആയിരിക്കാം.. പക്ഷെ ഇതും, ഒരാളെ കെട്ടിയിട്ട് അയാളുടെ തലച്ചോറിനു ക്ഷതം വരുന്ന രീതിയില്‍ ഒരുപാടാളുകള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ചു കൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.. ഈയടുത്ത് നടന്ന രഘുവിന്റെ കൊലപാതകവും ഇതോടു ചേര്‍ത്ത് വായിക്കണം. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടാല്‍ കാര്യമന്വേഷിക്കാന്‍ പോലും മെനക്കെടാതെ കൂട്ടത്തില്‍ കൂടി രണ്ടു പൊട്ടിക്കാന്‍ വെമ്പുന്നവരല്ലേ നമ്മില്‍ പലരും..?! നാളെ അപരിചിതമായ ഒരു സ്ഥലത്ത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഒരാള്‍ക്കൂട്ടം നമ്മളെയാരെയെങ്കിലും ഇത് പോലെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും!!.. എന്ത് ന്യായം പറഞ്ഞാലും 'ആള്‍ക്കൂട്ട വിചാരണ/ശിക്ഷ' ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല. കപട-സദാചാരവും ധാര്‍മികതയും കെട്ടുകാഴ്ച്ചയായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. പ്രമേയത്തോട്‌ എനിയ്ക്ക്‌ പൂർണ്ണ യോജിപ്പാണു് ഉള്ളത്‌. എന്റെ അഭിപ്രായത്തിൽ രഷ്ട്രീയക്കാരുടെ സംരക്ഷണം ഈ ക്രിമിനലുകൾക്ക്‌ ലഭിക്കാതിരുന്നാൽ നമ്മുടെ നിയമപാലനസംവിധാനത്തിനു് ഇവരെ അമർച്ച ചെയ്യുവാനും ഇത്‌ ആവർത്തിക്കാതെ സമൂഹത്തെ രക്ഷിക്കാനും കഴിയും. പക്ഷേ കേരളത്തിൽ അത്‌ നടക്കില്ല. കാരണം ഇത്തരക്കാരെ രക്ഷിക്കാൻ ആദ്യം സ്റ്റേഷനിൽ വിളിക്കുന്നതും ജാമ്യത്തിൽ ഇറക്കുന്നതും, ജനങ്ങളെ നയിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ജന നായകന്മാരുടെ പാർട്ടിയിലെ പ്രധാനിയായിരിക്കും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ല.

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിലെ ഏറ്റവും ഭീകരമായ ഒരവസ്ഥ, സദാചാര പോലീസും അക്രമങ്ങളും! ആരുടേയും അയ്ടിയല്സ് മറ്റൊരാളിലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും ഒരവകാശവും ഇല്ലെന്ന തിരിച്ചറിവ് ഇവര്‍ക്ക് എന്ന് കിട്ടുമോ ആവോ? ഇത് താങ്കള്‍ പറഞ്ഞപോലെ തന്നെ "കൊതിക്കെറുവ്" ആണ് :) നല്ല പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ